കേരളം കഞ്ഞികുടിക്കുന്നത് മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ട്; സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പ്രചാരണം ആസൂത്രിതമെന്ന് കെ സുരേന്ദ്രന്‍
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ കലാമണ്ഡലം ഗോപിയെ നിര്‍ബന്ധിച്ചുവെന്ന വിവാദം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗോപിയാശാനെ കാണാന്‍ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്നും പറഞ്ഞു. കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയുടെ അടുത്ത് സംസാരിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല. സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് പോയി ഊണ് വരെ കഴിച്ചിട്ടുള്ള ആളാണ്. ഏതാണ് ഈ ഇടനിലക്കാരനെന്നും അറിയപ്പെടാത്തവരിലൂടെ സുരേഷ് ഗോപിക്ക് പ്രചാരണത്തിന്റെ ആവശ്യമില്ല- സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം പ്രചാരണത്തിന്റെ ഭാഗമായി പര്യടനം തുടരുന്ന സുരേഷ് ഗോപി കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദര്‍ശിച്ചു. പരേതയായ സത്യഭാമയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കെ. കരുണാകരന്റെ ഭാര്യ കല്യാണ കുട്ടിയമ്മയുടെ സഹോദരിയാണ് സത്യഭാമ. ജനങ്ങള്‍ക്കുവേണ്ടി കൂടെ നിന്ന് നേതാവാണ് കെ.കരുണാകരനെന്നും കെ കരുണാകരന് ആദരവ് നല്‍കാന്‍ താന്‍ മുന്‍കൈയെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ‘കെ കരുണാകരന്‍ മഹാനായ നേതാവ്. ആ നേതാവിലൂടെയാണ് ആ പാര്‍ട്ടി വളര്‍ന്നത്. പക്ഷേ പകരം കോണ്‍ഗ്രസ് കരുണാകരന് എന്തു നല്‍കി എന്നത് കോണ്‍ഗ്രസ് പരിശോധിക്കണം’ – സുരേഷ് ഗോപി പറഞ്ഞു.
കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതിയിലെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബത്തോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.