കെജ്രിവാളിനെതിരെ പിടിമുറക്കി ഇഡി; ഡൽഹി ജൽ ബോർഡ്, മദ്യ നയ അഴിമതി കേസുകളിൽ സമൻസ്
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഡൽഹി ജൽ ബോർഡുമായി (ഡിജെബി) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന് ഇഡി സമൻസ് അയച്ചു. മാർച്ച് 18 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഇന്ന് കെജ്രിവാളിന് മറ്റൊരു സമൻസ് അയച്ചിരുന്നു. മാർച്ച് 21ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ ഇത് ഒമ്പതാം തവണയാണ് അന്വേഷണ ഏജൻസി ഡൽഹി മുഖ്യമന്ത്രിക്ക് സമൻസ് അയയ്ക്കുന്നത്.
പലതവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് കാണിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രണ്ട് പരാതികളിൽ ഡൽഹി കോടതി കേജ്രിവാളിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സമൻസുകൾ.