World

അഫ്ഗാനിസ്ഥാനിൽ വൻ അപകടം: ബസും ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് 21 പേർ മരിച്ചു, 38 പേർക്ക് പരിക്ക്

Spread the love

തെക്കൻ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ വൻ വാഹനാപകടം. ബസും ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രണങ്ങളുടെ അഭാവവും മൂലം മാരകമായ വാഹനാപകടങ്ങൾ രാജ്യത്ത് സാധാരണമാണ്.

ഹെൽമണ്ട് പ്രവിശ്യയിലെ ഗ്രിഷ്‌ക് ജില്ലയിലെ ഹെറാത്ത്-കാണ്ഡഹാർ ഹൈവേയിലാണ് അപകടം. ഹെറാത്ത് നഗരത്തിൽ നിന്ന് തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്നു പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിൽ പോയ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം എതിർദിശയിൽ നിന്ന് വന്ന ഓയിൽ ടാങ്കറിൽ കൂട്ടിയിടിക്കുകയായിരുന്നു.

കൂട്ടിയിടിയെത്തുടർന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 16 ബസ് യാത്രക്കാരും ടാങ്കറിലുണ്ടായിരുന്ന മൂന്ന് പേരും രണ്ട് ബൈക്ക് യാത്രക്കാരും ഉൾപ്പെടെ 21 പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ 38 പേരിൽ 11 പേരുടെ നില ഗുരുതരമാണ്.