ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്രം
ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തിന്‍റെ അഖണ്ഡതക്ക് ഭീഷണിയാണെന്നും ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കൂടാതെ, യാസിൻ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിൻ്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി.
പൊതുതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്. ജമ്മു കശ്മീർ പീപ്പിൾസ് ലീഗിലെ നാല് വിഭാഗങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജെകെപിഎൽ (മുഖ്താർ അഹമ്മദ് വാസ), ജെകെപിഎൽ (ബാഷിർ അഹമ്മദ് തോത), ജമ്മു കശ്മീർ പീപ്പിൾസ് പൊളിറ്റിക്കൽ ലീഗ് എന്നറിയപ്പെടുന്ന ജെകെപിഎൽ (ഗുലാം മുഹമ്മദ് ഖാൻ), യാക്കൂബ് ശൈഖ് നേതൃത്വം നൽകുന്ന ജെകെപിഎൽ (അസീസ് ശൈഖ്) എന്നിവയെയാണ് നിരോധിച്ചത്.