Kerala

കോട്ടയത്തും ചിത്രം തെളിയുന്നു; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

Spread the love

കോട്ടയം മണ്ഡലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് ബിഡിജെഎസ് സീറ്റില്‍ തുഷാര്‍ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാകുന്നത്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ചാലക്കുടി, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങൡ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലെ അവ്യക്തത തന്നെയാണ് കോട്ടയത്തെയും നീളാന്‍ കാരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച ആലത്തൂര്‍, വയനാട് മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് വിട്ടുകൊടുത്തു. പകരം കോട്ടയവും ചാലക്കുടിയും ബിഡിജെഎസിന് ലഭിച്ചു.

അതേസമയം ബിജെപിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിഎത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ 400ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍ മാറി മാറി വരുന്നത് അഴിമതി സര്‍ക്കാരുകരുകളാണെന്നും കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന രീതി പൊളിക്കണം. ഇത് പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂ. ഇവിടെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഇവര്‍ ബന്ധുക്കളാണ്. പരസ്പരം അഴിമതിക്കാരെന്ന് വിളിക്കുന്നവര്‍ ഡല്‍ഹിയില്‍ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.