വടകര പാർലമെന്റ് മണ്ഡലത്തിന്റെ ഏകോപന ചുമതല രാഹുൽ മാങ്കൂട്ടത്തിലിന്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെ ഏകോപന ചുമതല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ ഏല്പിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ ചുമതല പ്രമുഖ നേതാക്കള്‍ക്ക് എഐസിസി നല്കിയതിനു പുറമെയാണ് കെപിസിസി 20 ഭാരവാഹികളെക്കൂടി നിയോഗിച്ചതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു.
പ്രധാനമന്ത്രി വരുമ്പോള്‍ കാഴ്ചവയ്ക്കാനായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുമെന്നു പെരുമ്പറ കൊട്ടിയവര്‍ക്ക് കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയാണെന്ന് എംഎം ഹസന്‍ പറഞ്ഞു.
അവരുടെ കൂടെ പോകാന്‍ ഒരാളുപോലും ഇല്ലായിരുന്നു. കാലഹരണപ്പെട്ട ഇവര്‍ക്ക് പാര്‍ട്ടിയിലോ ജനങ്ങളുടെ ഇടയിലോ ഒരു സ്ഥാനവും ഇല്ല. പ്രധാനമന്ത്രി വരുമ്പോള്‍ കണ്ണുകിട്ടാതിരിക്കാന്‍ ഇവരെ മുന്നില്‍ നിര്‍ത്താമെന്നും ഹസന്‍ പരിഹസിച്ചു.
മുന്‍ മന്ത്രി, മുന്‍എംപി, മുന്‍ എംഎല്‍എ തുടങ്ങിയവര്‍ ബിജെപിയിലെത്തും എന്നായിരുന്നു സംഘപരിവാര്‍ ശക്തികളും സിപിഎമ്മും ഒരുപോലെ പ്രചരിപ്പിച്ചിരുന്നത്. 2021ല്‍ യുഡിഎഫ് തോറ്റപ്പോള്‍ കോണ്‍ഗ്രസ് അടപടലം ബിജെപിയിലേക്ക് എന്നായിരുന്നു പ്രചാരണം. അന്നു മുതല്‍ വിവിധതരം പാക്കേജുകളുമായി ഇവര്‍ നടത്തിയ ഭഗീരഥ പ്രയത്‌നമെല്ലാം വിഫലമായി.
കാറ്റുപോയ ബലൂണ്‍പോലെ കിടക്കുന്ന ബിജെപിക്ക് കേരളത്തില്‍ പ്രസക്തിയുണ്ടാക്കാനുള്ള ക്വട്ടേഷന്‍ പിടിച്ചിരിക്കുന്നത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്താണെന്നാണ് ജയരാജന്‍ പ്രചരിപ്പിക്കുന്നത്.
സിപിഐഎം- ബിജെപി ധാരണയാണ് ജയരാജന്റെ അവകാശവാദത്തിന്റെ അടിസ്ഥാനം. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തില്‍് ക്വട്ടേഷന്‍ പരിശീലനം കഴിഞ്ഞ ജയരാജന്‍ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങിയിരിക്കുകയാണെന്നും ഹസന്‍ പരിഹസിച്ചു.