World

ശബത്ത് ദിവസം അടുക്കളയിൽ ഹോട്ട് ഡോ​ഗ് ചൂടാക്കി; സൈനികരെ തടവിലാക്കി ഇസ്രയേൽ

Spread the love

ശബത്ത് ദിവസം സൈനിക അടുക്കളയിൽ ഹോട്ട് ഡോഗ് ചൂടാക്കിയ രണ്ട് സൈനികർക്ക് 20 ദിവസം തടവുശിക്ഷ നൽകി ഇസ്രായേൽ. രണ്ടുപേർ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നത് കണ്ട മറ്റൊരു സൈനികനാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ശബത്ത് യഹൂദർക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ്. പ്രപഞ്ചസൃഷ്ടി പൂർത്തിയാക്കി ദൈവം വിശ്രമിച്ച ഏഴാം ദിവസമാണ് ശബത്തായി ആചരിക്കുന്നത്. അന്ന് ബേക്കിങ്, പാചകം, യാത്ര, തീ കത്തിക്കൽ, വിറക് ശേഖരണം, വാങ്ങലും വിൽപനയും, ചുമടെടുക്കൽ തുടങ്ങിയ ജോലികൾക്ക് വിലക്കുണ്ട്. ശബത്ത് നിയമങ്ങൾ പാലിക്കാതെ തീകത്തിച്ച് പാചകം ചെയ്തതാണ് സൈനികരുടെ മേലുള്ള കുറ്റം.

വിചാരണയ്ക്ക് ഹാജരാക്കിയ സൈനികർ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഏറ്റുപറയുകയായിരുന്നു. ശിക്ഷാനടപടിക്കെതിരെ ഒരു സൈനികൻ്റെ പിതാവ് രംഗത്തെത്തി. യുക്തിരഹിതവും അച്ചടക്കനടപടികളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇങ്ങനെയൊരു വിധിക്ക് കാരണം. ശിക്ഷകൾക്ക് പരിധിയുണ്ടെന്നും ഇരുവരും ഇത്രയും കഠിനമായ ശിക്ഷ അർഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ശബത്ത് ദിവസം അടുക്കള പ്രവർത്തിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഇരു സൈനികരും അത് പാലിച്ചില്ലെന്നു മാത്രമല്ല യൂണിറ്റിൻ്റെ ഡെപ്യൂട്ടി കമാൻഡർക്ക് സംഭവത്തേക്കുറിച്ച് തെറ്റായ റിപ്പോർട്ട് നൽകുകയും ചെയ്തു. സൈനികരുടെ ഈ പ്രവർത്തിമൂലം യൂണിറ്റിലെ മറ്റ് സൈനികരുടെ ഭക്ഷണത്തിൻ്റെ പരിശുദ്ധി നഷ്ടമായെന്നും ഇസ്രായേൽ പ്രതിരോധ സേനാ (ഐഡിഎഫ്) വക്താവ് പ്രതികരിച്ചു. ഐഡിഎഫ് മുന്നോട്ട് വെയ്ക്കുന്ന മൂല്യങ്ങൾക്ക് വിപരീതമായ പ്രവർത്തനമാണ് സൈനികർ നടത്തിയത്. സേനയുടെ മൂല്യങ്ങൾ സൈനികർ പാലിക്കുകയാണ് വേണ്ടതെന്നും വക്താവ് പറഞ്ഞു.