ശബരി കെ റൈസ് വിപണിയിലേക്ക്; സഞ്ചിയില്ലാത്തതിനാൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയില്ല
കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാരിൻ്റെ ശബരി കെ റൈസ് വിപണിയിലേക്ക്. കെ റൈസിൻ്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിതരണ രംഗത്തെ ബദൽ ഇടപെടലാണ് കെ റൈസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം പുറത്തിറക്കിയ ഭാരത് അരിക്ക് ബദലയാണ് സംസ്ഥാന സർക്കാർ ശബരി കെ റൈസ് എന്ന ബ്രാൻഡിൽ അരി പുറത്തിറക്കിയത്. ഭാരത് അരി കേന്ദ്രം വിതരണം ചെയ്യുന്നത് ലാഭേച്ഛ മുന്നിൽ കണ്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. 18 രൂപ 58 പൈസ നിരക്കിൽ വാങ്ങിയ അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരി കെ റൈസിന്റെ ആദ്യ വിതരണം മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും ചേർന്ന് നിർവഹിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അരി ഇതുവരെ എത്തിയിട്ടില്ല. സഞ്ചി ഇല്ലാത്തത് കാരണമാണ് അരി എത്താത്തത് എന്ന ആരോപണം ഭക്ഷ്യ മന്ത്രി നിഷേധിച്ചു. നാളെ വിതരണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ സബ്സിഡി സാധനങ്ങളും ഉടൻതന്നെ സപ്ലൈകോ ഔട്ടുകളിൽ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.