Kerala

കേരള സർവകലാശാല കലോത്സവം നിർത്തിവെച്ച സംഭവം; വിശദീകരണം തേടാൻ ഗവർണർ

Spread the love

കേരള സർവകലാശാല കലോത്സവം നിർത്തിവെച്ച സംഭവത്തിൽ വിശദീകരണം തേടാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വിസിയോടാണ് ​ഗവർണർ വിശദീകരണം തേടുക. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുകയായിരുന്നെന്നാണ് രജിസ്ട്രാർ അറിയിച്ചിരിക്കുന്നത്.

ഇതുവരെയുണ്ടായ പ്രശ്നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷം മാത്രമേ ഇനി കലോത്സവം അനുവദിക്കുകയുള്ളൂ എന്ന് രജിസ്ട്രാർ അറിയിച്ചിരുന്നു. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കലോത്സവത്തിൽ നിരവധി മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വി.സിയുടെ തീരുമാനം. കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളാൽ വിവാദത്തിലായ സർവകലാശാല കലോത്സവത്തിൽ വിദ്യാർഥി സംഘർഷം കൂടി ഉണ്ടായതോടെയാണ് നിർത്തിവെക്കാനുള്ള തീരുമാനം വിസിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്.

കലോത്സവം നിർത്തിവെക്കാനുള്ള നിർദേശത്തിനെതിരേ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. അതേസമയം, കലോത്സവം നിർത്തിവച്ച നടപടി സ്വാഗതം ചെയ്ത് കെ.എസ്.യു രംഗത്തെത്തിയിരുന്നു. കേരള സർവകലാശാല കലോത്സവം ആരംഭിച്ചതു മുതൽ പരാതികളും പ്രതിഷേധങ്ങളും തുടർക്കഥയായിരുന്നു.