Kerala

ഇ.പി ജയരാജന്‍ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിത്വം ഓഫര്‍ ചെയ്‌തെന്ന് ദീപ്തി മേരി വര്‍ഗീസ്

Spread the love

എറണാകുളത്തെ വനിതാ കോണ്‍ഗ്രസ് നേതാവിനെ സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നെന്ന വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ദീപ്തി മേരി വര്‍ഗീസ്. എല്‍ ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നേരിട്ട് തന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. എന്നാല്‍ മറ്റൊന്നും ചിന്തിക്കാതെ താന്‍ ഓഫര്‍ നിരസിക്കുകയായിരുന്നെന്നും ദീപ്തി പറഞ്ഞു.

പത്മജ വേണുഗോപാലിനെയും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളെയും സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെന്നായിരുന്നു ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. നേരത്തെ ഇതില്‍ ദീപ്തിയുടെ പേര് പറയാതെ എറണാകുളത്തെ കോണ്‍ഗ്രസിന്റെ വനിതാ നേതാവെന്നായിരുന്നു വിശേഷണം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആവശ്യപ്രകാരമായിരുന്നു ഇടപെടലെന്നാണ് വെളിപ്പെടുത്തല്‍. വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും പത്മജ ആവശ്യപ്പെട്ട സൂപ്പര്‍ പദവികള്‍ ലഭിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. പത്മജയ്ക്ക് പുറമേ കൊച്ചിയിലെ വനിതാ നേതാവിനെയും സിപിഐഎം സമീപിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

ടി ജിയുടെ വെളിപ്പെടുത്തല്‍ പത്മജ വേണുഗോപാലും സ്ഥിരീകരിച്ചു. മൂന്ന് തവണ ഫോണ്‍ വിളിച്ചെങ്കിലും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ച് എങ്ങോട്ടും പോകില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.