Kerala

മുട്ടിൽ മരംമുറിക്കേസ്; അഡ്വ. ജോസഫ് മാത്യൂ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

Spread the love

മുട്ടിൽ മരംമുറിക്കേസിൽ അഡ്വ. ജോസഫ് മാത്യൂവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നേരത്തെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരിക്കെ മരംമുറി നിയമപരം അല്ലെന്ന് നിലപാട് എടുത്തിരുന്നയാളാണ് അദ്ദേഹം. മരം മുറി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ ആദ്യം ധരിപ്പിച്ചതും ജോസഫ് മാത്യു തന്നെയായിരുന്നു. മുട്ടിൽ മരംമുറിക്കേസ് നാളെ ബത്തേരി കോടതി പരിഗണിക്കാൽ ഇരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോസഫ് മാത്യൂവിനെ നിയമിച്ചത്.

മരങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലം നിർണായക തെളിവായെടുത്ത കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ. 2020 – 21 വർഷത്തിൽ വയനാട് മുട്ടിലിൽ ആണ് അനധികൃത മരംമുറി നടന്നത്. വയനാട് വാഴവറ്റ സ്വദേശികളായ റോജിഅഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം സർക്കാറിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും ഉൾപ്പടെയാണ് കേസിൽ ആകെ 12 പ്രതികളുള്ളത്. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതോ സ്വയം കിളിർത്തതോ ആയ മരങ്ങൾ മുറിക്കാമെന്ന, 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് കേസ്. 500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മരങ്ങൾ ഉൾപ്പടെയാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായിരുന്നു.