‘മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയനേട്ടത്തനല്ലേ?’ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
പൊലീസിനെതിരെ ഹർജി നൽകിയ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോതമംഗലത്ത് ആന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലാണ് മുഹമ്മദ് ഷിയാസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം. മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആയിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.
മോർച്ചറിയിൽ നിന്ന് മൃദേഹമെടുത്തു കൊണ്ട് പോയത് അനുവാദമില്ലാതെയല്ലേ എന്ന് കോടതി ചോദിച്ചു. കോതമംഗലത്ത് മൃതദേഹവുമായി പ്രതിഷേധം നടത്തിയ സംഭവത്തിലെ പോലീസ് ഇടപെടലുകൾക്കെതിരെയായിരുന്നു ഷിയാസിന്റെ ഹർജി. പ്രതിഷേധത്തെ തുടർന്ന് ഷിയാസ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
എന്നാൽ ഈ കേസുകൾ തന്നെ പീഡിപ്പിക്കാനാണെന്ന് ചൂണ്ടിക്കാണിച്ച് ഷിയാസ് നൽകിയ ഹർജി പരിഗണിക്കവേയൊണ് കോടതി വിമർശനമുന്നയിച്ചത്. ഹർജി നൽകിയതിലും കോടതി അഭിപ്രായ വ്യത്യാസം പ്രകടമാക്കി. പോലീസ് ഉപദ്രവിക്കുന്നു എന്ന് ഹർജി നൽകുന്നതിനു പകരം കേസുകൾ റദ്ദാക്കാൻ ആവശ്യപ്പെടുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ഹർജി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.