അബ്രഹാമിന്റെ ജീവനെടുത്ത കാട്ടുപോത്തിനെ ഇതുവരെ പിടികൂടാനായില്ല; കക്കയത്ത് പ്രതിഷേധം ശക്തമാകും
കോഴിക്കോട് കക്കയത്ത് കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകും. കക്കയം ഫോറസ്റ്റ് ഓഫീസ് രാവിലെ പത്തിന് കര്‍ഷകരും നാട്ടുകാരും ഉപരോധിക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കക്കയം സ്വദേശി അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. കര്‍ഷകനായിരുന്നു 72കാരനായ അബ്രഹാം. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കക്കയത്ത് നടന്നത്. പ്രദേശത്ത് വ്യാപകമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയതെങ്കിലും ഫലമുണ്ടായില്ല.
ഡ്രോണ്‍ അടക്കം ഉപയോഗിച്ചാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പല മേഖലകളിലും ആളുകള്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ ആശങ്കയിലാണ് നാട്ടുകാര്‍.
കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് സിസിഎഫിന്റെ ഉത്തരവ്.
കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.