Kerala

കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ എവിടെ ? ഇന്നും കണ്ടെത്താനായില്ല; മൊഴി മാറ്റിപ്പറഞ്ഞ് നിതീഷ്, വലഞ്ഞ് പൊലീസും

Spread the love

കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസിലെ പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ. കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ ഇന്നും കണ്ടെത്താനായില്ല. ഒന്നാം പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നത് പൊലീസിനെ വലയ്ക്കുകയാണ്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്നും എടുത്ത് കത്തിച്ചെന്നാണ് നിതീഷിന്റെ പുതിയ മൊഴി.

കട്ടപ്പന കക്കാട്ടുകടയിൽ വാടക്ക്ക താമസിച്ചിരുന്ന 57 കാരൻ വിജയൻ, വിജയന്‍റെ മകളുടെ കുഞ്ഞ്. ഈ രണ്ട് പേരുടേയും കൊലപാതക വാർത്തകളുടെ നടുക്കത്തിലാണ് ഇപ്പോഴും കട്ടപ്പന നിവാസികൾ. പ്രതി സ്ഥാനത്ത് നിൽക്കുന്നത് വിജയന്‍റെ മകൻ വിഷ്ണുവും സുഹൃത്ത് നിതീഷുമാണ്. വിജയന്‍റെ മകളിൽ നിതീഷിനുണ്ടായ കുഞ്ഞാണ് ആദ്യം കൊല്ലപ്പെട്ടത്. 2016 ൽ പൂജ ചെയ്യാനായി വിജയന്‍റെ വീട്ടിലെത്തിയ നിതീഷ്, വിജയന്‍റെ മകളുമായി സൗഹൃദത്തിലായി. ഈ ബന്ധത്തിൽ യുവതി ഗർഭിണിയുമായി.

നാണക്കേട് ഭയന്ന് ഈ കുഞ്ഞിനെ നിതീഷും വിഷ്ണുവും വിജയനും ചേർന്ന് കൊല്ലുകയായിരുന്നു.മൃതദേഹം കുഴിച്ചിട്ടത് സാഗര ജംഗ്ഷനിലെ വീട്ടിലെ തൊഴുത്തിലും. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെ ഇന്നലെയും ഇന്ന് വൈകീട്ടും അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇവിടുത്തെ വീടും സ്ഥലവും വിറ്റപ്പോൾ മൃതദേഹം എടുത്ത് കത്തിച്ചു കളഞ്ഞു വെന്നാണ് നിതീഷ് ഇപ്പോൾ പറയുന്നത്.

രണ്ടാം ദിവസത്തെ അന്വേഷണവും വഴിമുട്ടിയതോടെ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മയെയും സഹോദരനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പ്രതികളുടെ മൊഴി അനുസരിച്ച് 2016 ൽ ആണ് വീട്ട് വിൽക്കുന്നത്. ശേഷം വടക വീട്ടിൽ കഴിഞ്ഞപ്പോഴൊക്കം സ്ത്രീകൾ രണ്ടു പേരും വീട്ടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. നിതീഷിൻറെ നിയന്ത്രണത്തിലായിരുന്നു കുടുംബം മുഴുവൻ. കഴിഞ്ഞ ഓഗസ്റ്റിലാണ് വിജയനെ നിതീഷ് കൊന്നത്. വിജയൻ ജോലിക്ക് പോകാൻ മടി കാണിച്ചതായിരുന്നു കൊലപാതക കാരണം.

മൃതദേഹം വീട്ടിൽ കുഴിച്ചിടാൻ ഭാര്യ സുമയും മകൻ വിഷ്ണുവും കൂട്ടു നിന്നുവെന്നാണ് മൊഴി. പൊലീസ് അന്വേഷണത്തിൽ വിജയന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ കാഞ്ചിയാറിന് സമീപത്തെ കക്കാട്ടുകടയിലെ വാടക വീട്ടിൽ നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. തലയോട്ടിയും അസ്ഥികളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മോഷണ കേസിൽ നിതീഷും വിഷ്ണുവും പിടിയിലായപ്പോഴാണ് കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്