Kerala

കേന്ദ്ര അവഗണന എന്ന പ്രചാരണം പൊളിഞ്ഞു; രണ്ട് മുന്നണികളുടെയും നാശത്തിൻ്റെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രൻ

Spread the love

രണ്ട് മുന്നണികളുടെയും നാശത്തിന്റെ തുടക്കമായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. INDIA മുന്നണി എല്ലായിടത്തും തകർന്നു. കൂടുതൽ കക്ഷികൾ എൻഡിഎയ്ക്കൊപ്പം ചേരുന്നു എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായതിന് ശേഷം പ്രധാനമന്ത്രി ആദ്യം പ്രചാരണത്തിന് എത്തുന്നത് കേരളത്തിലാണ്. എൻഡിഎ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗികമായ ആദ്യ റോഡ് ഷോ കേരളത്തിലാവും. 15ന് പാലക്കാട് വൈകിട്ട് 5 മണിയ്ക്കും 17ന് രാവിലെ 11 മണിക്ക് പത്തനംതിട്ടയിലും റോഡ് ഷോ നടക്കും.

കേന്ദ്ര അവഗണന എന്ന പ്രചാരണം പൊളിഞ്ഞു. 47 വർഷം മുടങ്ങി കിടന്ന മാഹി ബൈപാസ് മോദി സർക്കാർ പൂർത്തീകരിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ 10 വർഷം വലിയ പരിഗണന കിട്ടി. യുഡിഎഫിന് ആകെ അങ്കലാപ്പായി.

വടകരയിൽ മുരളീധരൻ ജയിക്കേണ്ടതായിരുന്നു. വടകരയിലും തൃശൂരും യുഡിഎഫ് പരാജയപ്പെടും. സമനില തെറ്റിയ തീരുമാനങ്ങൾ ആണ് യുഡിഎഫ് തകർച്ചയ്ക്ക് കാരണം. സുരേഷ് ഗോപിയെ തോല്പിക്കാനാണ് മത്സരിക്കുന്നത് എന്നാണ് പറയുന്നത്. സ്വയം ജയിക്കാനല്ല. കോൺഗ്രസിന് വെളുക്കാൻ തേച്ചത് പാണ്ടായി. വരും ദിവസങ്ങളിലും സിപിഐഎം, കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം ചേരും.

ഷാഫി 5 നേരം പ്രാർത്ഥിക്കുന്നത് വടകരയിൽ തന്നെ തോൽപിക്കണം എന്നാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ല. വടകര, തൃശൂർ സീറ്റുകളിൽ യുഡിഎഫിന് കൈപൊള്ളും. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് തളരും. എൻഡിഎ വളരും എന്നും സുരേന്ദ്രൻ പ്രതികരിച്ചു.