National

‘മോദിയുടെ പേര് ഉച്ചരിക്കുന്ന ഭർത്താക്കന്മാർക്ക് അത്താഴം നൽകരുത്’; സ്ത്രീകളോട് അരവിന്ദ് കെജ്രിവാൾ

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉച്ചരിക്കുന്ന ഭർത്താക്കന്മാർക്ക് അത്താഴം നൽകരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘മഹിളാ സമ്മാൻ സമരോഹ്’ പരിപാടിയിലാണ് കെജ്രിവാളിൻ്റെ ആഹ്വാനം. 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി 2024-25 ലെ ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ത്രീകളുമായി സംവദിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

“നിരവധി പുരുഷന്മാർ ഇന്ന് മോദിയുടെ പേര് ഉച്ചരിക്കുന്നുണ്ട്. നിങ്ങൾ വേണം അത് ശരിയാക്കണം. ഭർത്താക്കന്മാർ മോദിയുടെ നാമം ഉരുവിട്ടാൽ അത്താഴം നൽകില്ലെന്ന് നിങ്ങൾ പറയണം”- മഹിളാ സമ്മാൻ സമരോഹ് പരിപാടിയിൽ കെജ്രിവാൾ പറഞ്ഞു. തന്നെയും ആം ആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യം ചെയ്യാൻ സ്ത്രീകൾ ആവശ്യപ്പെടണമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. “നിങ്ങളുടെ സഹോദരൻ കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂ” എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“നിങ്ങൾക്ക് ഞാൻ സൗജന്യ വൈദ്യുതി, ബസ് യാത്ര എന്നിവ ഒരുക്കി. ഇപ്പോൾ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ തീരുമാനിച്ചു. ഇത് എല്ലാം നിങ്ങൾ അവരോട് പറയൂ…. അവർക്കു വേണ്ടി ബിജെപി എന്ത് ചെയ്തു? പിന്നെ എന്തിന് ബിജെപിക്ക് വോട്ട്? ഇത്തവണ കെജ്രിവാളിന് വോട്ട് നിൽക്കാൻ പറയൂ”- കെജ്രിവാൾ കൂട്ടിച്ചേർത്തു.

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ തട്ടിപ്പാണ് നടക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. “പല പാർട്ടികളും ഒന്നോ രണ്ടോ സ്ത്രീക്ക് പദവികൾ നൽകിയ ശേഷം തങ്ങൾ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നുവെന്ന് അവകാശപെടുകയാണ്. സ്ത്രീകൾക്ക് സ്ഥാനങ്ങൾ, പദവി ഇത് ഒന്നും നിഷേധിക്കണം എന്നല്ല ഞാൻ പറയുന്നത്, അവർക്ക് അവർക്ക് വലിയ സ്ഥാനങ്ങളും ടിക്കറ്റുകളും എല്ലാം ലഭിക്കണം. എന്നാൽ മൂന്നോ നാലോ സ്ത്രീകൾക്ക് മാത്രമേ ഇതിൻ്റെ പ്രയോജനം ലഭിക്കൂ. ബാക്കിയുള്ള സ്ത്രീകൾക്ക് എന്ത് ലഭിക്കും?” – കെജ്രിവാൾ ചോദിച്ചു.