Kerala

സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിച്ചു; പൊലീസിനെതിരെ സൈനികന്റെ പരാതി

Spread the love

സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി. കോഴിക്കോട് മേപ്പയൂർ പൊലീസിനെതിരെയാണ് സൈനികനായി അതുലിന്റെ പരാതി. വാഹനപരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിക്കുകയായിരുന്നു. സൈനികനാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്ന് അതുൽ പറഞ്ഞു.

സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്പിക്ക് അതുൽ പരാതി നൽകി. വൈകിട്ട് ഏഴു മണിക്ക് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അതുൽ പറയുന്നു. ബൈക്കിൽ യാത്ര ചെയ്തപ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നാണ് പൊലീസുകാർ പറഞ്ഞത്. എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നു അതുൽ പറയുന്നു. കൈവിലങ്ങണിയിച്ചിട്ട് മൂന്നു പൊലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് അതുൽ പറഞ്ഞു.

ചവിട്ടുകയും അടിക്കുകയും ചെയ്തു. കൈ വേദനിക്കുന്നുവെന്നും ആശുപത്രിയിലും പോകണമെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ കൊണ്ടു പോകാൻ പൊലീസ് തയാറായില്ലെന്ന് അതുൽ പറയുന്നു. അവധിക്ക് നാട്ടിലെത്തിയതാണ് അതുൽ. മൊബൈൽ ഫോൺപിടിച്ചുവാങ്ങുകയും ചെയ്തു. പുറത്ത് നാട്ടുകാർ കൂടിനിൽക്കുന്നത് കണ്ടാണ് മർദനം നിർത്താൻ പൊലീസ് തയാറായത്.

മർദനത്തിൽ പരുക്കേറ്റ അതുലിനെ പേരാമ്പ്ര ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പൊലീസ് തയാറായില്ലെന്ന് അതുൽ പറയുന്നു. എന്നാൽ അതുലിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതുൽ സ്റ്റേഷനിലേക്ക് എത്തുകയും പറാവ് നിന്ന പൊലീസുകാരനോട് മോശമായി പെരുമാറുകയും ചെയ്‌തെന്നും തുടർന്ന് ചെറിയ രീതിയിലുള്ള ഉന്തും തള്ളും നടന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അനന്തപുരി സോൾജിയേഴ്‌സ് എന്ന സംഘടന മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.