World

പാരച്യൂട്ടിന് വിടർന്നില്ല; ഗസ്സയിൽ വിമാനത്തിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് വീണ് അഞ്ചുമരണം

Spread the love

ഗസ്സയിൽ ആകാശമാർഗം ഭക്ഷ്യക്കിറ്റും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് പെട്ടികളിൽ‌ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് നിന്നവരുടെ മുകളിലേക്ക് പതിച്ചായിരുന്നു അപകടം.

കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സയിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. അമേരിക്കയും ജോ‍‍ർദനും ഈജിപ്തും ഫ്രാൻസും നെതർലാൻഡും ബെൽജിയവും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗസ്സയിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. റോഡ് മാർഗമുള്ള സഹായ വിതരണം ഇസ്രായേൽ വൈകിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അപകടം സംഭവിച്ചത്.

ഏത് രാജ്യം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. വിമാനത്തിൽ നിന്ന് സഹായ പാക്കറ്റുകൾ താഴേക്കിടുന്നത് ഒട്ടും പ്രയോജനകരമല്ലെന്നും അതിർത്തികളിലൂടെ ഭക്ഷണം എത്തിക്കുന്നതാണ് നല്ലതെന്നും ഗസ്സ സർക്കാർ അറിയിച്ചു. തെക്കൻ ഗസ്സയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് യുനിസെഫ് അറിയിച്ചു. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഗസ്സയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു.