ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി; രണ്ടു മൃതദേഹങ്ങളുടെയും കാലപ്പഴക്കത്തിൽ വലിയ വ്യത്യാസം
തൃശ്ശൂരിലെ ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (08) എന്നിവരെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത തെരച്ചിലിനിടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തേൻ ശേഖരിക്കാൻ മരത്തിൽ കയറിയ അരുൺ മുകളിൽ നിന്ന് വീണു മരിച്ചതാകാം എന്നാണ് നിഗമനം.
രണ്ടു മൃതദേഹങ്ങളുടെയും കാലപ്പഴക്കത്തിൽ വലിയ വ്യത്യാസമുണ്ട്. അരുണിന്റെ മൃതദേഹം അഴുകിയ നിലയിലാണ്. സജിയുടെ മൃതദേഹം കണ്ടെത്തിയത് അരുണിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് 500 മീറ്റർ അകലെയാണ്. അരുൺ മരിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് സജി മരിച്ചതെന്നാണ് നിഗമനം.