Kerala

‘അമ്മാതിരി കമന്റ്‌ വേണ്ട, നിങ്ങൾ ആളെ വിളിച്ചാൽ മതി’; അവതാരകയോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Spread the love

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ‘ഇൻസാഫി’ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുമ്പോഴാണ് സംഭവം. ‘നല്ല ഉദ്ഘാടന പ്രസംഗത്തിന് നന്ദി’ എന്നു പറഞ്ഞ അവതാരകയോട് ‘അമ്മാതിരി കമന്റ്‌ വേണ്ട’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നവകേരള സദസിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ നടക്കുന്നതിനിടെയാണ് സംഭവം ‘ഇൻസാഫി’ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്ക് അവതാരക നന്ദിയറിയിച്ചത്. പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ വാക്കുകൾ കേട്ട് ക്ഷുഭിതനാകുകയായിരുന്നു.

“നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന്” എന്നാണ് അവതാരക പറഞ്ഞത്. “അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ. നിങ്ങൾ ആളെ വിളിക്കുന്നുണ്ടെങ്കിൽ ആളെ വിളിച്ചാൽ മതി’’- അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തില്‍ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിന്‍റെ സമീപമെത്തി മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്.