സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്; ക്വാർട്ടറിലെ ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോരാട്ടത്തിലേക്കാണ് കേരളം വീണത്. കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു. സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ വിജയം നേടി മിസോറം സെമിയിലേക്ക് ടിക്കറ്റ് നേടി.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. . ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ പൂട്ടുകയെന്ന് കേരളത്തിന് എളുപ്പമല്ലായിരുന്നു. 4-2-4 ഫോർമേഷനിൽ മിസോറം ഇറങ്ങിയപ്പോൾ 4-4-2 ഫോർമേഷനിലാണ് കേരളം കളിച്ചത്. യുപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
വ്യാഴാഴ്ച നടക്കുന്ന സെമിയിൽ മിസോറം സർവീസസിനെ നേരിടും. ആദ്യ ക്വാർട്ടർ ഫൈനലിൽ 2–0ന് റെയിൽവേസിനെ തോൽപിച്ചാണ് സർവീസസ് സെമിയിലെത്തിയത്. മറ്റൊരു സെമിയിൽ ഗോവയും മണിപ്പുരും ഏറ്റുമുട്ടും. രണ്ടാം ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 2–1നു മറികടന്നാണ് ഗോവ സെമിയിലെത്തിയതെങ്കിൽ അസമിനെ ഗോൾമഴയിൽ മുക്കി 7–1ന്റെ വിജയം നേടിയാണ് മണിപ്പുർ സെമി ടിക്കറ്റെടുത്തത്.