മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം; കോടതി വരാന്തയില്‍ കയറി പൊലീസ്
എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം. പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസില്‍ ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ ജാമ്യമെടുത്തിരുന്നില്ല. ഈ കേസിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് കോടതിയിലെത്തിയത്. ഇതോടെ ഷിയാസും മാത്യു കുഴൽനാടനും കോടതി മുറിയിൽ കയറി. പൊലീസ് കോടതി വരാന്തയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പുതിയ കേസിൽ ഷിയാസ് ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
കോതമംഗലം പ്രതിഷേധത്തിൽ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമർപ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത്.
പൊതുമുതൽ നശിപ്പിച്ചതിനാവശ്യമായ തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം പരിധി വിട്ടെന്ന് വ്യക്തമാണ്. എന്നാൽ അത് ജാമ്യം നിഷേധിക്കാനോ, കസ്റ്റഡിക്കോ പര്യാപ്തമല്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കില്ലെന്നും കോടതി പറഞ്ഞു. കസ്റ്റഡി ആവശ്യം കോടതി നിരസിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും വൈരുധ്യമുണ്ടെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. എന്നാൽ കോതമംഗലത്ത് പ്രതിഷേധം നടത്തിയത് മനപ്പൂർവമാണെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. പ്രതികൾ നടത്തിയ അക്രമസംഭവത്തിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ തയ്യാറാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സംഭവത്തിൽ പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം. നഴ്സിങ് സൂപ്രണ്ടിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.
കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴൽനാടൻ എംഎൽ എഉൾപ്പടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തത്.
ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേർന്ന് പൊലീസിനെ തടയുകയും പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കു തർക്കമുണ്ടാവുകയുമായിരുന്നു.