Kerala

‘പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു’; താൻ മോദിയുടെ സ്ഥാനാർത്ഥിയെന്ന് അനിൽ ആൻ്റണി

Spread the love

പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. താൻ മോദിയുടെ സ്ഥാനാർത്ഥിയാണ്. ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടി അല്ല. ഒന്നിൽ കൂടുതൽ എംപിമാർ ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിക്ക് ഉണ്ടാകും. തനിക്ക് ക്രൈസ്തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അനിൽ ആൻ്റണി പ്രതികരിച്ചു.

പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി നേരത്തെ പറഞ്ഞിരുന്നു. പിസി ജോര്‍ജിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ ആന്റണി പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അനില്‍ ആന്റണി പറഞ്ഞു. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും. ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണം. അതിന് മോദിജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

അനിൽ ആന്റണിക്ക് പത്തനംതിട്ട മണ്ഡലം എന്താണെന്ന് അറിയില്ലെന്നായിരുന്നു പിസി ജോർജിൻ്റെ വിമർശനം. രാഷ്ട്രീയത്തിൽ പാരമ്പര്യം ഇല്ലാത്ത ആളാണ് അനിൽ ആൻറണി.താൻ മത്സരിക്കുകയെന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നു. താഴെക്കിടയിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കി വേണമായിരുന്നു തീരുമാനമെടുക്കാനെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരും എൻഎസ്എസും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ പിന്തുണ അനിൽ ആന്റണിക്ക ലഭിക്കുമോയെന്ന് അറിയില്ലെന്നും പി സി ജോർജ് പറഞ്ഞു.

അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തേണ്ടിവരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെന്നും പിസി ജോര്‍ജ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പിസി ജോര്‍ജിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തിലെ സ്ഥാനാര്‍ഥികളെല്ലാം ജനപ്രിയരാണെന്നും ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു