മസിനഗുഡി വഴി പഴയതുപോലെ ഊട്ടിക്ക് പോകാനാവില്ല; ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ
ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും വേനലവധി സമയത്ത് വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് നീലഗിരി ജില്ലാ കളക്ടർ. പരിസ്ഥിതി ദുർബല മേഖലയിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. നീലഗിരിയിലേക്ക് പ്രതിദിനം ഓടുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനാണ് തീരുമാനം.
അഭിഭാഷകരായ ചെവനൻ മോഹനും രാഹുൽ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മലയിടിച്ച് ചുരം റോഡ് വീതി കൂട്ടുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്ന പരാതിയും കോടതിയുടെ മുന്നിലെത്തി.
നീലഗിരിയിലേക്കുള്ള റോഡുകളിൽ പ്രതിദിനം ശരാശരി 2,000 വാഹനങ്ങളാണ് ഓടുന്നത്. എന്നാൽ ടൂറിസ്റ്റ് സീസണുകളിൽ വാഹനങ്ങളുടെ എണ്ണം പ്രതിദിനം 20,000 ആയി വർദ്ധിക്കുന്നു. പാൽ, പച്ചക്കറി വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് ഇതെന്ന് കളക്ടർ അരുണ കോടതിയെ അറിയിച്ചു. അതിനാൽ നീലഗിരി വഴി കടന്നുപോകുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സമയം വേണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
സാധാരണ ദിവസങ്ങളിലും ടൂറിസ്റ്റ് സീസണുകളിലും ജില്ലയിലേക്ക് ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് കളക്ടർ കോടതിയെ അറിയിച്ചു. സർക്കാരിന്‍റെ അനുമതി ലഭിച്ചശേഷം വാഹനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിർദേശം സമർപ്പിക്കുമെന്നും ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവൺമെന്‍റ് പ്ലീഡറെ (ഫോറസ്‌റ്റ്) കളക്ടർ അറിയിച്ചു.
നീലഗിരി ജില്ലയിൽ ഏകദേശം 1,035 താമസ സൗകര്യങ്ങൾ ലഭ്യമാണ്. ഒരേസമയം 20,000 പേർക്ക് താമസിക്കാവുന്ന 5,620 മുറികളുണ്ടെന്ന് കളക്ടർ പറഞ്ഞു. അതിനാൽ വാഹന നിയന്ത്രണം സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം അയയ്ക്കുമ്പോൾ ഈ കണക്കുകൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലെ മണാലിക്കും റോഹ്താങ് ചുരത്തിനുമിടയിൽ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് പരാതിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതിനാൽ തമിഴ്‌നാട്ടിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാരിന്‍റെ നയപരമായ തീരുമാനം ആവശ്യമാണെന്ന് പറഞ്ഞ ജഡ്ജിമാർ, മാർച്ച് 27നകം സർക്കാരിൽ നിന്ന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സ്വീകരിക്കാൻ എസ്‍ജിപോ (വനം) യോട് നിർദേശിച്ചു.