Kerala

എസ്എഫ്ഐ ഇങ്ങനെയൊക്കെ ക്യാമ്പസിൽ ചെയ്യുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെ; ശശി തരൂർ

Spread the love

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. എസ്എഫ്ഐ ഇങ്ങനെയൊക്കെ ക്യാമ്പസിൽ ചെയ്യുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ഇങ്ങനൊരു വിഷയത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള പൊലീസ് അന്വേഷിച്ചാൽ എല്ലാത്തിനും പരിധിയുണ്ടാവും. കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാണ് സിദ്ധാർത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിലെ 18 പ്രതികളും പിടിയിലായെന്ന് പൊലീസ് അറിയിച്ചു. കൽപ്പറ്റ കോടതിയിൽ കീഴടങ്ങാൻ എത്തുമ്പോഴാണ് മുഖ്യപ്രതിയായ സിൻജോ ജോൺസൺ പിടിയിലായത്. കൂടുതൽ പേരെ പ്രതി ചേർക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

പ്രധാന പ്രതികളായ സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായി വയനാട് പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവർ നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്. ഒളിവിൽ കഴിയുകയായിരുന്ന സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തിയെങ്കിലും കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പൊലീസിന് പിടികൂടാനായത്.