‘എസ്എഫ്ഐയുടെ മർദനത്തിൽ ജീവിക്കുന്ന രക്തസാക്ഷി’; ഫേസ്ബുക്ക് കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്
എസ്എഫ്ഐയുടെ മർദനത്തിൽ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാൻ ഫിലിപ്പ്. എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയാകേണ്ടിവന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തിയത്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ തന്ന താഴേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടാകാൻ കാരണമായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അന്നത്തെ വീഴ്ചയിൽ അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്. വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
തന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. ഇക്കാര്യത്തിൽ ക്ഷമ ചോദിച്ച പലരും ഇന്ന് തന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാർത്ഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിപ്പിക്കുകയാണ് ചെയ്തതെന്നും ചെറിയാൻ ഫിലിപ്പ് എഫ്ബി പോസ്റ്റിൽ കുറിച്ചു