പത്തനംതിട്ടയ്ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ല; പിസി ജോർജ്
ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പിസി ജോർജ്. പത്തനംതിട്ടയ്ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും AK ആൻ്റണിയുടെ മകനാണ് എന്ന പേരു മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊരു പ്രശ്നമല്ല, കാരണം പാർട്ടിയുടെ സ്ഥാനാർഥി നമ്മുടെ സ്ഥാനാർത്ഥിയാണ്. ആളെ പരിചയപ്പെടുത്തിയെടുക്കുക എന്നത് പ്രയാസകരമാണ്.
സാധാരണ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ പരിചയപ്പെടുത്താതെ തന്നെ ജനങ്ങൾ അറിയും. അനിലിന് ഡൽഹിയായിട്ട് മാത്രമാണ് ബന്ധമുള്ളത്. കേരളം എന്താണെന്ന് അറിയില്ലെന്നും പിസി കൂട്ടിച്ചേർത്തു.
ഒരു ചെറുപ്പക്കാരൻ എന്നതിനപ്പുറം അയാളുടെ കഴിവുകളെ കുറിച്ച് ചോദിച്ചാൽ പറയാൻ ഒന്നുമില്ല. പത്തനംതിട്ടയിൽ ആർഎസ്എസുകാരും ബിജെപിക്കാരും എൻറെ പേര് പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർത്ഥി ആകാനുള്ള മോഹം തനിക്ക് ഇല്ലായിരുന്നു. താൻ സ്ഥാനാർത്ഥിയാകാതിരിക്കാൻ വെള്ളാപ്പള്ളിയും തുഷാറും ശ്രമിച്ചു. വെള്ളാപ്പള്ളി പിണറായിയുടെ ആളും തുഷാർ ബിജെപിയുമാണ്. ഇത് ശരിയായ നടപടിയല്ല. താൻ ജയിച്ചാൽ ഇവരുടെ കച്ചവടം നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എതിർത്തതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജ്യവ്യാപകമായി കോൺഗ്രസ് തകർന്നിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിലെ ജനങ്ങൾ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കും. കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാർത്താസമ്മേളനങ്ങളിലെ പരാമർശങ്ങൾ കേൾക്കുന്നവർക്ക് പാർട്ടിയുടെ അവസ്ഥ എന്തെന്ന് മനസ്സിലാകും. നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. 195 സ്ഥാനാര്‍ത്ഥികളാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. 47 പേര്‍ യുവസ്ഥാനാര്‍ത്ഥികളാണ്. 28 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. 34 കേന്ദ്രമന്ത്രിമാര്‍ മത്സര രംഗത്തുണ്ട്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും മത്സരിക്കും. അരുണാചല്‍ പ്രദേശില്‍ കിരണ്‍ റിജിജു മത്സരിക്കും. സര്‍ബാനന്ദ് സോനേബാല്‍ ദിബ്രുഗഡിലും അമിത്ഷാ ഗാന്ധി നഗറിലും ന്യൂഡല്‍ഹിയില്‍ ബാന്‍സുരി സ്വരാജും മത്സരിക്കും.