പി കെ കൃഷ്ണദാസ് മത്സരിച്ചേക്കില്ല; പത്തനംതിട്ടയില്‍ അനില്‍ ആന്റണി?; അപ്രതീക്ഷിത നീക്കവുമായി ബിജെപി ദേശീയ നേതൃത്വം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപ്രതീക്ഷിത നീക്കവുമായി ദേശീയ നേതൃത്വം. മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ് മത്സരിച്ചേക്കില്ല. നിലവില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയിലെ പേര് പി കെ കൃഷ്ണദാസിന്റേതായിരുന്നു.
കാസര്‍ഗോഡ് മഹിളാ മോര്‍ച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം എം എല്‍ അശ്വനിയെയും സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനെയും പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെയും എറണാകുളത്ത് ടി പി സിന്ധുമോളെയും മേജര്‍ രവിയെയുമാണ് പരിഗണിക്കുന്നത്. സംസ്ഥാന പ്രസിഡന്റുമാരും ജില്ലാ പ്രസിഡന്റുമാരും സ്ഥാനാര്‍ത്ഥികളാകേണ്ട എന്ന തീരുമാനമുള്ളതിനാല്‍ കെ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയായേക്കില്ല.
സംസ്ഥാന നേതൃത്വം കൈമാറിയ പേരുകളില്‍ ചില മാറ്റങ്ങളാണ് ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന. ഇത് ദേശീയ നേതൃത്വം വെട്ടിയതായാണ് വിവരം.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയാണ് പുതുതായി മണ്ഡലത്തില്‍ പരിഗണിക്കുന്ന എംഎല്‍ അശ്വനി. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ടയായിരുന്നു മണ്ഡലം. ഇക്കാര്യത്തിലും മാറ്റം വന്ന് പകരം അനില്‍ ആന്റണി മത്സരിച്ചേക്കും.