Saturday, April 5, 2025
Latest:
Kerala

നിമിഷ പ്രിയയെ രക്ഷിക്കാൻ ഇനി ഒരേ ഒരു വഴി, ആ പ്രതീക്ഷയുമായി അമ്മക്ക് യെമനിലേക്ക് പറക്കാം; വിസ വീട്ടിലെത്തി

Spread the love

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അടുത്തയാഴ്ച യെമനിലേക്ക് പോകാം. വീസ നടപടികൾ പൂർത്തിയായതോടെ അടുത്ത വെള്ളിയാഴ്ച പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിക്കും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യൻ എംബസി മുഖേനയുള്ള ശ്രമം. യെമൻ പൗരന്റെ കുടുംബം അനുവദിച്ചാൽ മാത്രമേ വധശിക്ഷയിൽ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.

ഇനി മുന്നിലുള്ളത് പ്രാർത്ഥനാ നിർഭരമായ നാളുകളാണെന്നാണ് അമ്മ പറയുന്നത്. വർഷങ്ങൾക്ക് ശേഷം മകളെ ഒരു നോക്ക് കാണാമെന്നും വാരിപ്പുണരാമെന്നുമുള്ള മോഹത്തിലുമാണ് പ്രേമകുമാരി. ദില്ലി ഹൈക്കോടതി ഇടപെട്ടതോടെയാണ് പ്രേമകുമാരിക്ക് യമനിലേക്ക് പോകാൻ അനുമതി ലഭിച്ചത്. ഇതിനുള്ള വീസ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ഏഴ് വർഷത്തിലേറെയായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടിൽ ജോലി ചെയ്യുകയാണ് പ്രേമകുമാരി.

മുംബൈയിൽ നിന്നും യമൻ അതിർത്തിയിലെ ഏദനിലേക്കാണ് യാത്ര. അവിടെ നിന്നും റോഡ് മാർഗ്ഗം വേണം സനായിലെത്താൻ. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികൾ യമൻ അംബാസഡറുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നിമിഷപ്രിയയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന യെമൻ പൗരന്റെ കുടുംബത്തെ സന്ദർശിച്ച് വധശിക്ഷയിൽ ഇളവിന് അഭ്യർത്ഥിക്കാനാണ് യാത്ര. കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമൻ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമൻ പൗരന്റെ കുടുംബം അനുവദിച്ചാൽ മാത്രമേ വധശിക്ഷയിൽ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ. പ്രേമകുമാരിക്കൊപ്പം യമനിലെത്താൻ സന്നദ്ധപ്രവർത്തകനായ സാമുവൽ ജെറോമിനും അനുമതി ലഭിച്ചിട്ടുണ്ട്.