National

55 ദിവസം ഒളിവിൽ; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് പൊലീസ് പിടിയിൽ

Spread the love

തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. റേഷൻ അഴിമതി കേസിൽ ഷാജഹാന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെ നാട്ടുകാർ ആക്രമിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഒളിവിൽ പോയത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാനില്‍ നിന്നാണ് ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് ഉച്ചയ്ക്ക് ബാസിര്‍ഘട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നുമാരോപിച്ച് സന്ദേശ് ഖലിയില്‍ ഗ്രാമീണര്‍ ഏതാനും ദിവസങ്ങളായി കടുത്ത പ്രതിഷേധത്തിലാണ്. ജോലി ചെയ്യിച്ച ശേഷം കൂലി നല്‍കാതെ മര്‍ദ്ദിക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു തുടങ്ങിയ ആരോപണങ്ങളും സ്ത്രീകള്‍ ഉന്നയിക്കുന്നു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കഴിഞ്ഞ ഒരുമാസത്തോളമായി ബംഗാള്‍ പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും കണ്ണുവെട്ടിച്ച് ഷാജഹാന്‍ ഷെയ്ഖ് ഒളിവിലായിരുന്നു. മമത ബാനര്‍ജി സര്‍ക്കാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷാജഹാനെ സംരക്ഷിക്കുകയാണെന്നാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികല്‍ ആരോപിക്കുന്നത്.

ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ഷാജഹാന്‍ ഷെയ്ഖും ്‌നുയായികളും ചേര്‍ന്ന് ആക്രമിച്ച് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ഗ്രാമീണര്‍ രംഗത്തു വരുന്നത്.