ഇപ്പോഴും പല ബില്ലുകളിലും ഗവര്‍ണര്‍ അടയിരിക്കുകയാണ്, ലോകായുക്ത ബില്ലിന് രാഷ്ട്രപതി നല്കിയ അംഗീകാരം ജനാധിപത്യത്തിന്റെ വിജയം: പി രാജീവ്
ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് സര്‍ക്കാര്‍. രാഷ്ട്രപതിയുടെ തീരുമാനം ഗവര്‍ണര്‍ക്കും സംസ്ഥാന ബിജെപി നേതൃത്വത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടിയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണ്. ഗവര്‍ണറുടെ നിലപാട് തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോഴും പല ബില്ലുകളിലും ഗവര്‍ണര്‍ അടയിരിക്കുകയാണെന്നും മന്ത്രി പി രാജീവ് വിമര്‍ശിച്ചു.
ലോകയുക്ത ബില്ല് രാഷ്ട്രപതി അംഗീകരിച്ചത് ഗവര്‍ണര്‍ക്കുള്ള കനത്ത തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് പ്രതികരിച്ചു. വ്യക്തമായ ധാരണയോടെയാണ് വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ജനങ്ങള്‍ക്ക് ഇത് മനസിലായിട്ടുണ്ടെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ലോകായുക്താ നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി തെറ്റെന്ന് തെളിഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞു. ജനാധിപത്യവും നിയമവും അനുസരിച്ചാണ് രാഷ്ട്രപതിയുടെ തീരുമാനം.നിയമസഭയുടെ അധികാരം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇപി ജയരാജന് പറഞ്ഞു.