കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലാണ് മത്സരം, മോദിയുടെ പാർട്ടിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല; രമേശ് ചെന്നിത്തല
കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാൻ കഴിയുന്ന സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല.
ലീഗുമായി ചർച്ച നടക്കുകയാണ്, പ്രശ്നം ഇന്നു കൊണ്ട് പരിഹരിക്കും. ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്, പക്ഷേ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാർച്ച് ആദ്യവാരത്തോടെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണയും എൽഡിഎഫ് നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ സിപിഐ എമ്മും കോൺഗ്രസും തമ്മിലാണ് മത്സരം. കേന്ദ്രത്തിൽ കൂട്ടുകെട്ട് ഉണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. നരേന്ദ്രമോദിയുടെ പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളില്ല.
ചെറിയ പ്രശ്നങ്ങൾ ഊതിപ്പെരിപ്പിക്കാതിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ലോക്സഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിൻ്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാൽ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്ചിതത്വം തുടരുകയാണ്.
മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയിൽ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും തീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി.കെ ഫിറോസ്, ഫൈസൽ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം.