National

ഡികെ ശിവകുമാർ ഹിമാചൽ പ്രദേശിൽ; വിമത എംഎൽഎമാരുമായി ചർച്ചനടത്തുന്നു

Spread the love

ഹിമാചൽ പ്രദേശിൽ സർക്കാർ നിലനിർത്താൻ ശ്രമങ്ങളുമായി കോൺഗ്രസ്. ഭുപിന്ദർ സിംഗ് ഹൂഢയും ഡി കെ ശിവകുമാറും കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരുമായി ആശയവിനിമയം ആരംഭിച്ചു. അതൃപ്‌തി പരിഹരിക്കാൻ എല്ലാ സാധ്യതകളും ചർച്ച ചെയ്യാം എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

അതേസമയം, ബിജെപി സംഘം ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കണ്ടു. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ഗവർണറെ അറിയിച്ചു. വിശ്വാസ വോട്ട് വേണം. ക്രമവിരുദ്ധമായി സ്പീക്കർ ഇടപെടാൻ ശ്രമിക്കുന്നു. ബജറ്റ് സമ്മേളനത്തിൽ തങ്ങളുടെ എംപിമാരെ സസ്പെൻഡ് ചെയ്തേക്കും. ക്രമവിരുദ്ധമായി സ്പീക്കർ ഇടപെടാൻ ശ്രമിക്കുന്നതിനെതിരെ നടപടി വേണമെന്നും ബിജെപി സംഘം ഗവർണറെ അറിയിച്ചു.

ഇതിനിടെ, ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർക്ക് കോൺഗ്രസ് ഷോക്കോസ് നോട്ടീസ് അയച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് മറുപടി നൽകണം. കൂറു മാറിയാൽ എംഎൽഎമാരെ അയോഗ്യരാക്കും എന്നാണ് സൂചന.

68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചു.

ഹിമാചൽ പ്രദേശിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 40 എംഎൽഎമാരും ആണുള്ളത്. ഹിമാചൽ പിടിച്ചെടുക്കുന്നതോടെ ഉത്തരേന്ത്യയെ കോൺഗ്രസ് വിമുക്തമാക്കാനാണ് ബിജെപി നീക്കം. ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരണം ഉള്ള ഏക സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്.