National

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എസ്പിക്ക് കനത്ത തിരിച്ചടി; പാർട്ടി ചീഫ് വിപ്പ് സ്ഥാനം മനോജ് പാണ്ഡെ രാജിവച്ചു

Spread the love

ഉത്തർപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി. പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് എംഎൽഎ മനോജ് കുമാർ പാണ്ഡെ രാജിവച്ചു. റായ്ബറേലിയിലെ ഉഞ്ചഹാർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. എസ്പി സർക്കാരിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് കനത്ത തിരിച്ചടിയാണിത്. മനോജ് പാണ്ഡെയുടെ രാജി സ്വീകരിക്കുകയും, ചീഫ് വിപ്പിൻ്റെ ഓഫീസിന് പുറത്ത് നിന്ന് അദ്ദേഹത്തിൻ്റെ നെയിംപ്ലേറ്റ് നീക്കം ചെയ്യുകയും ചെയ്തു. അതിനിടെ മനോജ് പാണ്ഡെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചെന്നാണ് സൂചന. തിങ്കളാഴ്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.

രാജ്യസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പ്രക്രിയയെക്കുറിച്ച് എംഎൽഎമാരെ അറിയിക്കാൻ വേണ്ടിയാണ് പാർട്ടി മേധാവി യോഗം വിളിച്ചത്. എന്നാൽ, മനോജ് പാണ്ഡെയും മറ്റ് ഏഴ് എംഎൽഎമാരും-മുകേഷ് വർമ, മഹാരാജി പ്രജാപതി, പൂജ പാൽ, രാകേഷ് പാണ്ഡെ, വിനോദ് ചതുർവേദി, രാകേഷ് പ്രതാപ് സിംഗ്, അഭയ് സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.

രാവിലെ ഒമ്പത് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും നിയമസഭാ സമുച്ചയത്തിലെ തിലക് ഹാളിൽ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ്ങിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.