Kerala

കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്

Spread the love

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.

അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ മണിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.