Friday, December 27, 2024
Kerala

മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതരം, മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടും: കെ.സുധാകരൻ

Spread the love

മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലെന്നും ആത്മാഭിമാനം ഉണ്ടെങ്കിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അല്ലെങ്കിൽ രാജിവച്ച് പുറത്തുപോവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷ നേതാവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. എസ്എൻസി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് പണം കൈതോലപ്പായയിൽ കൊണ്ടു പോയ ആളാണ് മുഖ്യമന്ത്രി. സിപിഐഎമ്മും ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ കെ.സുധാകരന്റെ വിവാദമായ അസഭ്യ പരാമർശം അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കണമെന്നാണ് കെ പി സി സിയുടെ നിലപാട്. ഇക്കാര്യം കെപിസിസി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗുമായി സീറ്റ് ചര്‍ച്ച തൃപ്തികരമായാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.