മഹാരാഷ്ട്രയിൽ വീണ്ടും സംവരണ പ്രക്ഷോഭം, ട്രാൻസ്പോർട്ട് ബസ് കത്തിച്ച് പ്രതിഷേധക്കാർ
മുംബൈ : മഹാരാഷ്ട്രയിൽ മറാഠാ സംവരണ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ജൽനയിൽ പ്രക്ഷോഭകാരികൾ ട്രാൻസ്പോർട്ട് ബസ് കത്തിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ജരാങ്കെ പാട്ടീൽ ആരോപിച്ചു. എന്നാൽ പ്രതിഷേധങ്ങൾക്കു പിന്നിൽ മഹാ വികാസ് അഘാഡി സഖ്യമെന്നും സർക്കാരിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തിരിച്ചടിച്ചു.
ഒരു ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയിൽ മറാഠാ സംവരണ പ്രക്ഷോഭം അക്രമാസക്തമാകുകയാണ്. സർക്കാരിനെ തുറന്നു വെല്ലുവിളിച്ച മനോജ് ജരാങ്കെ പാട്ടീൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കടന്നാക്രമിച്ചു. മുംബൈയിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും ഫഡ്നാവിസിന്റെ വസതിയ്ക്കു മുന്നിൽ നിരാഹാര സമരമിരിക്കുമെന്നും പ്രഖ്യാപനം. രാവിലെ മനോജ് ജരാങ്കെ പാട്ടിൽ നിരാഹാരമിരിക്കുന്ന ജൽനയിൽ നിന്ന് തന്നെ ആദ്യ പ്രകോപനം.
പ്രക്ഷോഭകർ ട്രാൻപോർട്ട് ബസിന് തീയിട്ടു. പിന്നാവെ അംബാഡ് താലൂക്കിൽ കർഫ്യൂ പ്രഖ്യാപിച്ചു. പത്ത് ശതമാനം സംവരണമെന്ന ബില്ല് നിയമപരമായി നിലനിൽക്കില്ലെന്നാണ് വാദം. അതിനാൽ മറാഠക്കാളെ ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തിയുള്ള സംവരണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ജാരങ്കെ പാട്ടീൽ ആവർത്തിച്ചു. എന്നാൽ പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന താക്കീതാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നൽകിയത്. ശരദ് പവാറും ഉദ്ധവ് താക്കറെയുമാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും ഷിൻഡേ ആരോപിച്ചു.
മഹാരാഷ്ട്ര നിയമസഭയിൽ ഇന്നു തുടങ്ങിയ ബജറ്റ് സമ്മേളനത്തിലും പ്രതിപക്ഷം വിഷയമുന്നയിച്ചു. മറാഠകളെയും ഒബിസി വിഭാഗത്തെയും സർക്കാർ വഞ്ചിച്ചെന്ന് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപിച്ചു. മറാഠാ പ്രക്ഷോഭം ശക്തമായൽ അത് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കും. പ്രക്ഷോഭം തണുപ്പിക്കാനായി കൊണ്ടുവന്ന ബില്ല് ലക്ഷ്യം കാണാഞ്ഞതോടെ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടനാണ് സർക്കാരിന്റെ നീക്കം.