Kerala

മൂന്നാം സീറ്റില്‍ ചര്‍ച്ച തൃപ്തികരം; അന്തിമ തീരുമാനം മറ്റന്നാളെന്ന് മുസ്ലിം ലീഗ്

Spread the love

മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പോസിറ്റീവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തൃപ്തികരമായ ചര്‍ച്ചയാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തി മറ്റന്നാള്‍ പാണക്കാട് വച്ച് ലീഗ് യോഗം ചേരും. 27ന് ഇന്നത്തെ ചര്‍ച്ചകള്‍ വിലയിരുത്തി അന്തിമ തീരുമാനം ലീഗ് സ്വീകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗിന് ഉറപ്പ് ലഭിച്ചോ എന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമായ ഉത്തരം നല്‍കിയില്ല. അഭ്യൂഹങ്ങള്‍ വേണ്ടെന്നും അന്തിമ തീരുമാനം ലീഗ് യോഗത്തിന് ശേഷം അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ ഗസ്റ്റ് ഹൗസിലാണ് കോണ്‍ഗ്രസും ലീഗ് നേതാക്കളും ചര്‍ച്ച നടത്തിയത്. കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയത്.
കപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു.