Saturday, December 28, 2024
Latest:
Kerala

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശങ്കയായി തിരുവനന്തപുരത്ത് നേരിയ മഴ

Spread the love

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശങ്കയായി തിരുവനന്തപുരം നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

അതേസമയം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊങ്കാലയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്.

രാവിലെ 10 മണിക്ക് ശുദ്ധ പുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കും അഗ്‌നി പകരുമ്പോള്‍ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തര്‍ ഒരുക്കിയ അടുപ്പുകള്‍ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പില്‍ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും.