ചോദ്യപേപ്പർ ചോർന്നു; ഉത്തർപ്രദേശ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കി
ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കി. ഫെബ്രുവരി 17,18 തീയതികളിൽ നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നതായും, അമ്പതിനായിരം മുതൽ 2 ലക്ഷം രൂപ വരെ നൽകിയാൽ ലഭ്യമായിരുന്നതായും ഉദ്യോഗാർത്ഥികൾ ആരോപിച്ചിരുന്നു.
ഇതിനെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ആറുമാസത്തിനകം വീണ്ടും പരീക്ഷ നടത്തുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ ട്രാൻസ്‌പോർട്ട് ബസുകളിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. 48 ലക്ഷം അപേക്ഷിക്കുകയും 43 ലക്ഷം പേർ എഴുതുകയും ചെയ്ത പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആണ് ചേർന്നത്.