‘മുസ്ലിം ലീഗിനെ അപമാനിക്കുന്നു; കോൺഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് UDFൽ തുടരണോയെന്ന് ലീഗ് ആലോചിക്കണം’; ഇപി ജയരാജൻ
മുസ്ലിം ലീഗിനെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോൺഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് യുഡിഎഫിൽ തുടരണോയെന്ന് ലീഗ് ആലോചിക്കണമെന്ന് ഇപി ജയരാജൻ പറഞ്ഞു. ലീഗിനെ പരിഗണിക്കേണ്ടതാണെന്നും 60 വർഷമായി മുസ്ലിം ലീഗിന് രണ്ടു സീറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജാഥയിൽ മുസ്ലിം ലീഗിനെ അടുപ്പിക്കുന്നില്ലെന്ന് ജയരാജൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ തമ്മിൽ ഇപ്പോൾ തെറിവിളിയാണെന്നും ഇനി നടക്കാനുള്ളത് അടിയാണെന്നും ഇപി ജയരാജൻ പരിഹസിച്ചു. മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്. കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ നീക്കം. മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് നിരന്തരം കോൺഗ്രസ് നോക്കളുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും നാളെ നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുമെന്നാണ് ലീഗ് കണക്കാക്കുന്നത്.
ചർച്ച പരാജയപ്പെട്ടാൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ലീഗ് കോൺഗ്രസിനെ അറിയിച്ചു. അങ്ങനെയെങ്കിൽ മലബാറിൽ ഏതെങ്കിലുമൊരു സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനാകും ലീഗ് തീരുമാനം. കോഴിക്കോട് ആയിരിക്കും ലീഗ് ലക്ഷ്യം വയ്ക്കുക.