ബേലൂർ മോഴ ആന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ
മാനന്തവാടിയിലെ ആളെക്കൊല്ലി ബേലൂർ മോഴ ആന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തുടരുകയാണെന്ന് വനംവകുപ്പ്. റേഡിയോ കോളർ വഴി ആനയുടെ നീക്കങ്ങൾ കേരള വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആന ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാൻ രാത്രികാല പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ദൗത്യസംഘത്തെ സഹായിക്കാനായി ഹൈദരാബാദിൽ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. വന്യജീവി മനുഷ്യസംഘർഷം നിലനിൽക്കുന്ന മേഖലയിൽ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് നവാബ് അലിഖാൻറെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.
അതേസമയം പുൽപ്പള്ളിയിൽ പശുക്കളെ കടുവ ആക്രമിച്ച സാഹചര്യത്തിൽ വനത്തിൽ മൃഗങ്ങളെ മേയാൻ വിടരുതെന്നാണ് വനംവകുപ്പിൻറെ അഭ്യർത്ഥന. മേഖലയിൽ സ്ഥാപിച്ച കൂടുകളിലൊന്നും കടുവ ഇതുവരെ കുടുങ്ങിയിട്ടില്ല.