ആറ്റുകാൽ പൊങ്കാല ഞായറാഴ്ച; ഐശ്വര്യപ്രദമായ ഉത്സവം ആശംസിച്ച് മുഖ്യമന്ത്രി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി നാല് നാൾ. പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഞായറാഴ്ച്ചയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നടക്കുക.
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ തൃപ്തികരമാണെണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആറ്റുകാലിൽ വെച്ചാണ് യോഗം ചേർന്നത്. വകുപ്പുകളുടെ പ്രവർത്തനങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാവരും ഭംഗിയായി കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ നടത്തിയ തയ്യാറെടുപ്പുകൾ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. അതേസമയം, കനത്ത ചൂടിനെ നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പൊങ്കാലയ്ക്ക് എത്തുന്നവർക്കായി വിവിധയിടങ്ങളിൽ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൂടിനെ നേരിടാൻ ഭക്തരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.