Kerala

മാസപ്പടി വിവാദം; മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി.ഡി സതീശന്‍

Spread the love

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏതൊക്കെ ഏജന്‍സികള്‍ എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്? CMRL കൂടാതെ മറ്റേതൊക്കെ കമ്പനികൾ എക്സാലോജിക്കിന്‌ മാസപ്പടി നൽകിയിട്ടുണ്ട്? പ്രത്യുപകാരമെന്ന നിലയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങള്‍:

1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ഞാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ സി.എം.ആര്‍.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2021 ലെ തെരെഞ്ഞടുപ്പിനു മുന്‍പ് ഇ.ഡി ആരംഭിച്ച അന്വേഷണം എങ്ങിനെ ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം? (ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം പറയാവുന്നതാണ്.)

2) ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വെളിപ്പെടുത്തുമോ?

3) സി.എം.ആര്‍.എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും മാസമാസം പണം ലഭിച്ചിട്ടുണ്ടെന്നും ആര്‍.ഒ.സി കണ്ടെത്തിയിട്ടുണ്ട്. മകള്‍ക്ക് പണം നല്‍കിയ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രിക്ക് ധൈര്യണ്ടോ?

4) വീണയ്ക്കും കമ്പനിക്കും മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

5) കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍.ഒ.സി വെളിപ്പെടുത്തിയിട്ടുണ്ട്. എം.പവര്‍ ബാങ്ക് മുഖേന നല്‍കിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.