കുട്ടി എങ്ങനെ എത്തി? ചാക്കയിൽ നിന്ന് 2 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹതകൾ ബാക്കി
തിരുവനന്തപുരം ചാക്കയിൽ നാടോടികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരി മകളെ കാണാതായ സംഭവത്തിൽ ദുരൂഹതകൾ ബാക്കി. 19 മണിക്കൂർ നീണ്ട ആശങ്കയ്‌ക്കൊടുവിൽ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. എന്നാൽ കുട്ടി എങ്ങനെ അവിടെ എത്തി എന്നതിൽ വ്യക്തതയില്ല. കുട്ടിയുടെ ശരീരത്തിൽ കാര്യമായ പോറലുകളൊന്നും ഇല്ലാത്തതിനാൽ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിൻ്റെ നിഗമനം.
ഇന്നലെ പുലർച്ചെ ഒരുമണി മുതൽ ആരംഭിച്ച പരിശോധന, ആശങ്കയുടെ 19 മണിക്കൂർ. ബീഹാർ സ്വദേശിനിയായ മേരി എന്ന രണ്ടു വയസ്സുകാരിക്കായി കേരളമാകെ നെഞ്ചിടിപ്പോടെ കാത്തിരുന്നു. രാത്രി 7.39 ന് പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് ഡിസിപി നിതിൻ രാജ് പുറത്തേക്ക്. കുട്ടിയെ കണ്ടെത്തി എന്ന ആശ്വാസവാർത്ത മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു.
പ്രദേശത്ത് പരിശോധന നടത്തിയ പൊലീസുകാർ തന്നെയാണ് കൊച്ചുവേളിയിൽ കാട് വളർന്ന് മറഞ്ഞ നിലയിലുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനകൾക്കായി ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന്, എസ് എ ടി ആശുപത്രിയിലേക്കും എത്തിച്ചു. തട്ടിക്കൊണ്ടുപോകൽ ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കി. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് കമ്മീഷണർ സി എച്ച് നാഗരാജു.
ഇനി കണ്ടെത്തേണ്ടത് കേസിലെ ദുരൂഹത. ഊർജിതമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടാമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്.