ബിജെപി വയനാട് ജില്ലാ പ്രസിഡന്റിന്റെ ളോഹ പരാമർശം തെറ്റും അനുചിതവും; കെ. സുരേന്ദ്രൻ
വയനാട്ടിലെ ബിജെപി അധ്യക്ഷന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.
അദ്ദേഹം പറഞ്ഞത് പാർട്ടി നിലപാട് അല്ലെന്നും അതിൽ പാർട്ടിക്ക് വിയോചിപ്പ് ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തുതന്നെയായാലും പരാമർശം തെറ്റും അനുചിതവും ആയിപ്പോയി. താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
കാട്ടാന ആക്രമണത്തെത്തുടർന്നുണ്ടായ പുൽപ്പള്ളി സംഘർഷത്തിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് വിവാദ പരാമർശവുമായെത്തിയത്. ളോഹയിട്ട ചിലരാണ് സംഘർഷത്തിന് ആഹ്വാനം നൽകിയത്. എന്നാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഒരു വിഭാഗം ആൾക്കാർക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു ആരോപിച്ചിരുന്നു.
ആളുകൾ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സർവകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തിൽ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ, പിടിക്കെടാ, തല്ലെടാ എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു വന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പ്രകോപിതരായത്. അതിനുശേഷമാണ് സംഘർഷവും കല്ലെറിയലും ഒക്കെ ഉണ്ടായത്. അവരുടെ ആരുടെയും പേരിൽ കേസിൽ. അത്തരത്തിൽ പ്രകോപനപരമായിട്ട് കാര്യങ്ങൾ പറയുന്ന ആരുടേയും പേരിൽ കേസില്ല. ഏകപക്ഷീയമായിട്ട് കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ അതിനെ ഒരു കാരണവശാലും ബിജെപി അംഗീകരിക്കില്ലെന്നും കെ പി മധു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.