Friday, December 27, 2024
Kerala

‘ആനപ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല, അത്രയ്ക്ക് പ്രേമമാണെങ്കിൽ അവർ പോയി ആനകളെ സംരക്ഷിക്കട്ടെ’; കെ മുരളീധരൻ

Spread the love

വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിനാവുന്നില്ല. സ്വന്തം രക്ഷയ്ക്കുവേണ്ടി സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്നത് ആദ്യ സംഭവം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ്.

സർക്കാർ സമീപനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ കർഷകരുടെ ഭാഗത്തുനിന്നും ശക്തമായ പ്രക്ഷോഭം ഉണ്ടാകും. കർഷകർക്ക് കൃഷി ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനുഷ്യർ കാട് കയറുന്നതല്ല, മൃഗങ്ങൾ നാട്ടിലിറങ്ങി ആക്രമിക്കുകയാണ്. കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ സാഹചര്യം പോലെ കൈകാര്യം ചെയ്യണം. നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണമെന്നും കെ മുരളീധരൻ.

മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൂട്ടിലടക്കണം. കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. ആനകൾ ജനവാസ മേഖലയിലേക്ക് വീണ്ടും മടങ്ങിയെത്തും. മയക്കുവെടി വയ്ക്കുന്നതും ആനകൾക്ക് ദോഷകരമാണ്. ഇതൊന്നും ആന പ്രേമികൾക്ക് അറിയില്ല. നാട്ടിൽ കഴിയുന്ന ആനപ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ലെന്നും അത്രയ്ക്ക് പ്രേമം ആണെങ്കിൽ ഇവർ പോയി ആനകളെ സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.