നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സിംഗിൾ ബെഞ്ച് ഇന്ന് പ്രതിഭാഗത്തിന്റെ വാദം കേൾക്കും. പ്രോസിക്യൂഷന്റെ വാദം നേരത്തെ പൂർത്തിയായിട്ടുണ്ട്. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ദിലീപ് ക്വട്ടേഷൻ നൽകിയതാണ് കേസിനാധാരം. അറസ്റ്റിലായി 85 ദിവസങ്ങൾക്ക് ശേഷം പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കേസിലെ നിരവധി സുപ്രധാന സാക്ഷികളാണ് മൊഴിമാറ്റിയത്. ഒപ്പം ജാമ്യ വ്യവസ്ഥകൾ പ്രതി ദിലീപ് ലംഘിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപ്പീൽ നൽകുന്നത്.
2017നാണ് രാജ്യത്തെ തന്നെ നടുക്കിക്കൊണ്ട് നടി, കൊച്ചിയിൽ വച്ച് അതിക്രമത്തിനിരയാകുന്നത്. പിന്നാലെ ഫെബ്രുവരി 23ന് പ്രധാന പ്രതി പൾസർ സുനി പിടിയിലായി. പൾസർ സുനി പിടിയിലായതോടെയാണ് കേസിലെ ദിലീപിന്റെ പങ്കിനെ കുറിച്ച് പുറംലോകം അറിയുന്നത്.