Kerala

സമ്മാനമായി ബാഗും സ്യൂട്ട് കേസും കൊടുത്തതിൽ അഴിമതി, ഭൂനികുതിക്ക് കൈക്കൂലി; 3 കേസ്, 4 പേർക്ക് തടവ് ശിക്ഷ

Spread the love

തിരുവനന്തപുരം: മൂന്ന് അഴിമതി കേസ്സുകളിൽ സർക്കാർ ഉദ്യോഗസ്ഥനും സഹകരണ ബാങ്ക് സെക്രട്ടറിയുമടക്കം നാല് പേർക്ക് തടവ് ശിക്ഷ. തൃശ്ശൂർ പുത്തുർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗം ഓമന ജോൺ, കണ്ണൂർ തുണ്ടിയിൽ റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഡിപ്പോ മാനേജർ പി.പി. ജോയി, കണ്ണൂർ ചാവശ്ശേരി വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരാണ് വിവിധ പണാപഹരണ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടത്.

2002-2003 കാലഘട്ടത്തിൽ തൃശൂർ ജില്ലയിലെ പുത്തുർ സർവ്വീസ് സഹകരണ ബാങ്കിലെ സെക്രട്ടറിയായിരുന്ന പുരുഷോത്തമനെയും ഡയറക്ടർ ബോർഡ് അംഗമായ ഓമന ജോണിയെയും സ്ഥിര നിക്ഷേപകർക്ക് സമ്മാനമായി ബാഗും, സ്യൂട്ട് കേസ്സുകളും നൽകുന്നതിന്റെ വൌച്ചറുകളിൽ തിരിമറി നടത്തി 88,000 രൂപ അപഹരിച്ചതിനാണ് പിടികൂടിയത്. തൃശ്ശൂർ വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ്സിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരുവരെയും മൂന്ന് വർഷം വീതം കഠിന തടവിനും, 3,30,000 രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് തൃശ്ശൂർ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. തൃശ്ശൂർ വിജിലൻസ് മുൻ ഡി.വൈ.എസ്.പി കെ.എ. ജോർജ്ജ് രജിസ്റ്റർ ചെയ്ത്, മുൻ ഡി.വൈ.എസ്.പി മാത്യു രാജ് കള്ളിക്കാടൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

2003- 2004 കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ തുണ്ടിയിൽ കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡിപ്പോ മാനേജറായിരുന്ന പി.പി. ജോയ് സൊസൈറ്റിയുടെ 80,607.20/- രൂപ വെട്ടിച്ച കേസി കണ്ണൂർ വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസിലാണ് പ്രതിയായ ജോയിയെ ഒരു വർഷം കഠിന തടവിനും, 50,000/- രൂപ പിഴ ഒടുക്കുന്നതിനും കോടതി വിധിച്ചു. കണ്ണൂർ വിജിലൻസ് മുൻ ഡി.വൈ.എസ്.പി ദാമോദരൻ.എം 2007-ൽ രജിസ്റ്റർ ചെയ്ത്, ഇൻസ്പെക്ടറായ എ.വി. പ്രദീപ് അന്വേഷണം നടത്തി, ഡി.വൈ.എസ്.പി യായിരുന്ന എം.സി.ദേവസ്യ കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ ജോയ് കുറ്റക്കാരനാണെന്ന് തലശ്ശേരി വിജിലൻസ് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. ഉഷ കുമാരി. കെ ഹാജരായി.

കണ്ണൂർ ജില്ലയിലെ ചാവശ്ശേരി വില്ലേജ് ഓഫീസ്സിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന രജീഷിനെ ഭൂനികുതി അടക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസ്സിലാണ് തലശ്ശേരി വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും 25,000/- രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്. 2013-ൽ കണ്ണൂർ ജില്ലയിലെ ചാവശ്ശേരി വില്ലേജ് ഓഫീസ്സിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന രജീഷിനെ ചാവശ്ശേരി സ്വദേശിയായ പരാതിക്കാരന്റെ കുടിശ്ശിക വന്ന ഭൂനികുതി അടച്ചുനൽകുന്നതിലേക്ക് 2,500/- രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്. 2013 ഫെബ്രുവരി രണ്ടാം തിയതി ചാവശ്ശേരി വില്ലേജ് ഓഫീസ്സിൽ വച്ചാൺ് രജീഷ് കൈക്കൂലി വാങ്ങവെ വിജിലൻസ് പിടിയിലാകുന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. ഉഷാ കുമാരി. കെ ഹാജരായി.