Kerala

തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ആർഎസ്പിയിലില്ല, അഞ്ചാം തവണയാണ് ലോക്സഭയിലേക്ക് പാർട്ടി അവസരം നൽകുന്നത്; എൻ.കെ പ്രേമചന്ദ്രൻ

Spread the love

അഞ്ചാം തവണയാണ് ലോക്സഭയിലേക്ക് പാർട്ടി അവസരം നൽകുന്നതെന്നും തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ഈ പാർട്ടിയിൽ ഉണ്ടാവില്ലെന്നും കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ. താൻ ഓരോ സ്ഥലത്തും ജയിച്ചത് ആർഎസ്പി എന്ന ലേബലിലാണ്. പാർട്ടിയുടെ തീരുമാനത്തിൽ 100 % കടപ്പാട് അറിയിക്കുന്നു. തീക്ഷ്ണമായ മത്സരം തന്നെ ഇടതുപക്ഷം കൊണ്ടുവരും. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും രാഷ്ട്രീയ മത്സരം ആയി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നല്ല ആത്മവിശ്വാസത്തോടെയാണ് കൊല്ലത്ത് വീണ്ടും മത്സരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിന് ആധാരമല്ലാത്ത വിഷയത്തെ പർവതീകരിക്കുകയാണ് സിപിഐഎം. ന്യൂനപക്ഷ വോട്ടുകളാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയായി ആ ആരോപണം ഉണ്ടാകും എന്നും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

2014ൽ പ്രേമചന്ദ്രനെതിരെ ഒരു പദപ്രയോഗമാണ് നടത്തിയതെങ്കിൽ 2019 ൽ മറ്റൊരു തന്ത്രമായിരുന്നു. ഇപ്പോൾ ഒന്നും പറയാനില്ലാത്തതിനാൽ പഴയ തന്ത്രം പൊടിതട്ടി എടുക്കുകയാണ്. എൻ.കെ പ്രേമചന്ദ്രനെതിരെ പല അപവാദങ്ങളും പ്രചരിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റവും മറ്റു പ്രാരാബ്ദങ്ങളും വർധിച്ച സാഹചര്യമാണുള്ളത്.

കേരളത്തിൽ ധാർമികതയുടെ അംശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വരുന്നത് ആരോപണങ്ങൾ അല്ല. രേഖകളാണ്. അതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള വിധിയെഴുത്തായിരിക്കും പാർലമെൻ്റിൽ ഉണ്ടാവുക. രാജ്യത്തിന് തന്നെ മാതൃകയായാണ് പ്രേമചന്ദ്രൻ പാർലമെൻ്റിൽ പ്രവർത്തിച്ചതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.